Saturday, 5 November 2022

മഴ


കുറിഞ്ഞി മലയിലെ കുഞ്ഞിപ്പൂവാണ് പൂങ്കുറിഞ്ഞി. ഒരു ദിവസം തേൻ കുടിക്കാൻ വന്ന കിട്ടൻ തേനീച്ച നോക്കുമ്പോൾ പൂങ്കുറിഞ്ഞി ഇരുന്നു കരയുന്നു .

എന്തുപറ്റി പൂങ്കുറിഞ്ഞി എന്തിനാ നീ കരയുന്നെ
കിട്ടാൻ തേനീച്ച ചോദിച്ചു

കിട്ടാ നിനക്ക് അറിയോ ഞങ്ങൾക്ക് വെള്ളം കിട്ടിയിട്ട് എത്ര ദിവസമായിന്നു. ഇങ്ങിനെ പോയാൽ ഇവിടെമെല്ലാം വരണ്ടുണങ്ങും  ഞങ്ങളുടെ തേൻ ഒക്കെ പോകും  അത് ഓർത്താ ഞാൻ കരയുന്നത്

ഓഹോ നീ വിഷമിക്കണ്ട . എങ്ങിനെയാ നിനക്ക് വെള്ളം കിട്ടുന്നെ ആരാ നിനക്ക് വെള്ളം ഒഴിക്കണേ

ഇവിടെ ഈ മലയിൽ  ആരാ വെള്ളം ഒഴിക്കാൻ.. മഴ പെയ്യണം എങ്കിലേ വെള്ളം കിട്ടൂ .

മഴ പെയ്യാൻ എന്ത് ചെയ്യണം .?

നമ്മുടെ കുഞ്ഞിക്കാറ്റ് വലിയ കാറ്റായി ആഞ്ഞു വീശി മഴ മേഘങ്ങളെ കൊണ്ട് വരണം അപ്പോൾ കുറിഞ്ഞി മല അവയെ തടഞ്ഞു മഴ പെയ്യിപ്പിക്കും

ഓഹോ ഞാൻ എന്നാൽ ഇക്കാര്യം കുഞ്ഞിക്കറ്റിനോട് പറയാം നീ കരയാതെ ഇരിക്ക്

ഇതും പറഞ്ഞു കിട്ടാൻ തേനീച്ച കുഞ്ഞിക്കറ്റിനെ തേടി പോയി. കുറിഞ്ഞിപ്പൂക്കളെ മെല്ലെ തലോടി അവ ആടുന്നത് കണ്ടു രസിക്കുകയായിരുന്നു അപ്പോൾ കുഞ്ഞിക്കാറ്റ്.

കിട്ടാൻ തേനീച്ച കുഞ്ഞിക്കാറ്റിനോട് പറഞ്ഞു .
കുഞ്ഞിക്കാറ്റേ നീ വലിയ കാറ്റായി ആഞ്ഞു വീശി മഴ മേഘങ്ങളെ ഇവിടേക്ക് കൊണ്ട് വരാമോ ? മഴ പെയ്യാത്ത കൊണ്ട് നമ്മുടെ പൂങ്കുറിഞ്ഞിക്ക് വല്ലാത്ത വിഷമം.

തേനീച്ചക്കുട്ടാ ഞാനും അത് ആലോചിക്കുകയായിരുന്നു., ഒരു നല്ല മഴ പെയ്തിട്ടു ദിവസം ഒരുപാടായി പക്ഷെ ഞാൻ മാത്രം വിചാരിച്ചാൽ പോരല്ലോ ഇപ്പോൾ ഇവിടെയെങ്ങും മഴ മേഘങ്ങളെ കാണാനില്ല . മഴമേഘങ്ങളെ കിട്ടിയാൽ ബാക്കി കാര്യം ഞാൻ ഏറ്റു .


കിട്ടാൻ തേനീച്ച അവിടെ നിന്ന് പറന്ന് പൊങ്ങി മേഘങ്ങളുടെ അടുത്തേക്ക് ചെന്ന് .

മേഘങ്ങളെ നിങ്ങളുടെ കൂട്ടത്തിലെ മഴ മേഘങ്ങൾ എങ്ങു പോയി ?
കുറിഞ്ഞി മല മഴയില്ലാതെ വിഷമിക്കുകയാണ്.

മേഘ കൂട്ടം പറഞ്ഞു. ഞങ്ങളും അത് കാണുന്നുണ്ട്. പക്ഷെ മഴ മേഘങ്ങൾ ഉണ്ടാകണമെങ്കിൽ സൂര്യൻ മാമൻ സഹായിക്കണം. നീ സൂര്യൻമാമനെ ഒന്ന് കണ്ടു നോക്കൂ

തേനീച്ച നേരെ സൂര്യൻ മാമനെ കാണാൻ പോയി .
സൂര്യൻ മാമാ മഴ മേഘങ്ങൾ ഇല്ലാതെ മഴയ്ക്ക് പെയ്യാനാകില്ല. മാമൻ വിചാരിക്കാതെ മഴ മേഘങ്ങളും ഉണ്ടാകില്ല. ഒന്ന് സഹായിക്കാമോ ? പൂങ്കുറിഞ്ഞിപ്പെണ്ണ് വെള്ളം കിട്ടാതെ കരയുന്നു .


സഹായിക്കുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല പക്ഷെ കടലിന്റെ കൂടെ സഹകരണം വേണം. കടലിലെ ജലമാണ് ഞാൻ നീരാവിയാക്കിയും പിന്നീട് അത് മഴ മേഘമായും മാറുന്നത് .

കിട്ടാൻ തേനീച്ച അപ്പോഴേക്കും നന്നായി തളർന്നിരുന്നു. എങ്കിലും അവൻ ക്ഷീണം വകവയ്ക്കാതെ കടലിന് നേരെ പറന്നു .

കടലേ കുറിഞ്ഞി മലയിൽ മഴ പെയ്യിക്കാന് ഞാൻ ഇനി കാണാൻ ഒരാളുമില്ല. എന്നെ ഒന്ന് സഹായിക്കില്ലേ ? മഴ മേഘങ്ങൾ ഉണ്ടാകാൻ കടലിന്റെ സഹായം കൂടി  വേണമെന്നാ  സൂര്യൻ മാമൻ പറഞ്ഞത്.


കണ്ടാൽ സ്നേഹത്തോടെ അവനെ നോക്കി. കൂട്ടുകാരിക്ക് വേണ്ടി എത്രയും കഷ്ടപ്പെട്ട അവനോട് ഏറെ ഇഷ്ടം തോന്നി.

കടൽ സൂര്യനെ നോക്കി . സൂര്യന് കാര്യം മനസിലായി . വെള്ളം നീരാവിയായി മുകളിലേക്ക് ഉയർന്നു . മഴ മേഘങ്ങൾ ഉണ്ടായി . കുഞ്ഞിക്കാറ്റ് വലിയ കാറ്റായി മേഘങ്ങൾ കുറിഞ്ഞി മലയിലേക്ക് പറന്നു . കുറിഞ്ഞി മല അവയെ തടഞ്ഞു നിർത്തി.... ഷ്‌റോ പേരോ .. ഭയങ്കരമായ മഴ പെയ്തു .

Wednesday, 20 May 2020

കാണാതെ പോകുന്ന കാഴ്ചകൾ..

ഒരു ദിവസം രാവിലെ ചിന്നുവും ബാലുവും കൂടി കുറച്ചു കഥാ പുസ്തകങ്ങളും പലഹാരങ്ങളുമായി വീടിന് അടുത്തുള്ള കുന്നിൻ മുകളിലേക്ക് പോയി.

അവിടെ അവർ നല്ല തണലുള്ള ഒരു മരം കണ്ടുപിടിച്ചു. അതിന്റെ ചുവട് വൃത്തിയാക്കി ഒരു പായ വിരിച്ചു അവർ അവിടെ ഇരുന്നു.

അവർ പുതുതായി വിരിഞ്ഞ പൂക്കൾ കണ്ടു. പുൽനാമ്പുകളിൽ പറ്റിപ്പിടിച്ചിരുന്ന മഞ്ഞു തുള്ളികൾ സൂര്യ പ്രകാശത്തിൽ തിളങ്ങുന്നതും കണ്ടു.

ആ മരത്തിൽ ധാരാളം പക്ഷികൾ ഉണ്ടായിരുന്നു. ബാലു അതിന്റെയൊക്കെ പേര് കണ്ടുപിടിക്കാൻ ശ്രമിച്ചു. കണ്ടെത്തിയത് ഒരു ബുക്കിൽ എഴുതി വെച്ചു.

കുന്നിന്റെ ഒരു സൈഡിൽ ഒരു ചെറിയ കുളം. അതിൽ കുറെ മീനുകൾ. ചിന്നു അതിന്റെ ഒരു പടം വരച്ചു. 

പിന്നെ അവർ കൊണ്ടു പോയ പലഹാരങ്ങൾ കഴിച്ചു. അവർ അത് കഴിച്ചു കൊണ്ടിരിക്കെ രണ്ടു പൂച്ചക്കുട്ടികൾ അവിടേക്ക് വന്നു. 

അവർ പൂച്ചക്കുട്ടികൾക്കും പലഹാരങ്ങൾ നൽകി. 

അവ അത് കഴിച്ചിട്ട് അവർക്ക് ചുറ്റും മുട്ടിയുരുമി നടന്നു.

ചിന്നുവിനും ബാലുവിനും വല്ലാത്ത സന്തോഷം തോന്നി. വീട്ടിൽ ഇരുന്ന് ടിവി കാണുകയും മൊബൈലിൽ കളിക്കുകയും ചെയ്യുന്നതിനേക്കാൾ എത്രയോ രസകരമാണ് ഇവിടെ വന്നിരിക്കുന്നത്. അവർ പരസ്പരം പറഞ്ഞു.

Sunday, 17 May 2020

ഒരു തൊപ്പിക്കഥ

ഒരിടത്ത് നാലു കൂട്ടുകാർ ഉണ്ടായിരുന്നു അവർ നാലു പേരും കൂടി ഒരിക്കൽ അടുത്തുള്ള അമ്പലത്തിൽ ഉത്സവത്തിന് പോയി.. 
ഉത്സവ പറമ്പിൽ ചെന്നപ്പോൾ അവിടെ മനോഹരമായ തൊപ്പികൾ വിൽക്കുന്ന ഒരു തൊപ്പിക്കാരനെ കണ്ടു. അവർ നാലുപേരും ഓടി അങ്ങോട്ടേക്ക് ചെന്നു എന്നിട്ട് എല്ലാവരും അവരവർക്ക് ഇഷ്ടപ്പെട്ട ഓരോ തൊപ്പി വാങ്ങി. 

ഒരാൾക്ക് തൂവൽ പിടിപ്പിച്ച തൊപ്പി, മറ്റൊരാൾക്ക് മഞ്ഞ വട്ട തൊപ്പി, ഇനിയൊരാൾ വാങ്ങിയത് കിന്നരി തൊപ്പിയായിരുന്നു പിന്നൊരാൾ ചുവന്ന പൂവ് പിടിപ്പിച്ച കുഞ്ഞിതൊപ്പി. 

നല്ല തൊപ്പികളും തലയിൽ വെച്ചു അവർ അങ്ങിനെ ഗമയിൽ സന്തോഷിച്ചു നടന്നു. അപ്പോഴാണ് അവർ ഒരിടത്ത് ഒറ്റയ്ക്കിരുന്നു കരയുന്ന ഒരു കുട്ടിയെ കണ്ടത്. 

എന്താ കുട്ടി ഇവിടെ ഒറ്റയ്ക്ക് ഇരുന്നു കരയുന്നെ. ? അവർ അടുത്തു ചെന്നു ചോദിച്ചു.

എനിക്കും നിങ്ങളുടെ പോലെ ഒരു തൊപ്പി വേണം. പക്ഷെ എന്റെ അമ്മയുടെ കയ്യിൽ തൊപ്പി വാങ്ങിത്തരാൻ പണമില്ല. 

ആഹാ ഇതാണോ കാര്യം ? 

അവർ നാലു പേരും ഒരേ സമയം തങ്ങളുടെ തൊപ്പി ഊരി അവന്റെ നേർക്ക് നീട്ടി.
ഇതെടുത്തോളൂ..

കുട്ടിയുടെ കണ്ണിൽ സന്തോഷം വിരിഞ്ഞു.
അവൻ പറഞ്ഞു എനിക്ക് ഒരു തൊപ്പി മതിയല്ലോ.. ഇത് നാലെണ്ണം ഉണ്ടല്ലോ

അവർ പറഞ്ഞു. 
നിനക്ക് ഇഷ്ടപ്പെട്ടത് എടുത്തിട്ട് ബാക്കി തിരിച്ചു തന്നോളൂ.

അവൻ പൂ വെച്ച കുഞ്ഞൻ  തൊപ്പി എടുത്തിട്ട് ബാക്കി അവർക്ക് തിരിച്ചു കൊടുത്തു.

കൂട്ടുകാർ നാലു പേരും ആ കുട്ടിയെയും കൂട്ടി വീണ്ടും ഉത്സവം കാണാൻ നടന്നു.

Saturday, 9 May 2020

ആമൂസിന്റെ സാഹസികതകൾ I

അന്ന് അച്ചായിയും ഞാനും കൂടി കാടിനടുത്തുള്ള പുഴയിൽ കുളിക്കാനായി ഇറങ്ങിയതായിരുന്നു. ഒരു വലിയ പുൽമേടു കടന്നു വേണം പുഴയ്ക്കരികിലെത്താൻ അച്ചായി മുൻപിലും ഞാൻ അൽപം പുറകിലുമായി നടക്കുകയായിരുന്നു. പെട്ടെന്ന് ഒരു നല്ല കാറ്റ് വീശി ഒപ്പം കനത്ത മൂടൽ മഞ്ഞു വന്നു ഞങ്ങളെ പൊതിഞ്ഞു. അച്ചായി ആമൂസെ എന്നു വിളിക്കുന്നത് ഞാൻ കേട്ടു. എന്നാൽ അതേ സമയം തന്നെ ഒരു വലിയ ചിറകടിയൊച്ചയും ഞാൻ കേട്ടു. ഒരു വലിയ പരുന്ത് പറന്നു എന്റെ നേർക്ക് വരികയാണ് അത് തൊട്ടടുത്തെത്തി അതിന്റെ കാലിലെ കൂർത്ത നഖങ്ങൾ കണ്ടു ഞാൻ പേടിച്ചു പോയി. അതിന്റെ കണ്ണുകൾ എന്നെ ലക്ഷ്യമാക്കുന്നതായി ഞാൻ അറിഞ്ഞു. പെട്ടെന്നൊരു ധൈര്യത്തിന് ഞാൻ ചാടി അതിന്റെ രണ്ടു കാലുകളിലും ഒരുമിച്ചു പിടുത്തമിട്ടു. 

എന്നെ നഖങ്ങളിൽ കോർത്തെടുക്കാൻ വന്ന പരുന്ത് ഈ അപ്രതീക്ഷിത നീക്കത്തിൽ പതറിപ്പോയെങ്കിലും അവൻ വിടാൻ ഭവമുണ്ടായിരുന്നില്ല. എന്നെയും കൊണ്ടത് പറന്നു പൊങ്ങി. ഞാൻ ഒരുപാട് ഉയരത്തിലേക്ക് പോകുകയാണ്. എന്താണ് ഇവന്റെ ലക്ഷ്യം എന്നു ഞാൻ ആലോചിച്ചു. കാട് ലക്ഷ്യമാക്കിയാണ് പറക്കുന്നത്. ദൂരെ പാറക്കെട്ടുകൾ കണ്ടു. 
ഹം.. അവിടെയാകും ഇതിന്റെ കൂട് അല്ലെങ്കിൽ അവിടെ കൊണ്ട് ഇട്ടിട്ട് എന്നെ കൊത്തി തിന്നാൻ ആകും പ്ലാൻ. ഇനി എന്തു ചെയ്യും എന്നാലോചിച്ചു ഞാൻ താഴേക്ക് നോക്കി. അല്പം അകലെയായി ഒരു വലിയ തടാകം കണ്ടു. നിറയെ താമരകൾ വിരിഞ്ഞു നിൽക്കുന്ന തടാകം. താമരയുടെ ഭീമാകാരമായ ഇലകൾ തടാകത്തിൽ പടർന്നു കിടക്കുന്നു. ഇപ്പോൾ ഞാൻ ഇവന്റെ കാലിലെ പിടി വിട്ടാൽ നേരെ തടാകത്തിൽ വീഴും. മുങ്ങിപ്പോകാനുള്ള സാധ്യതയുണ്ട് എങ്കിലും ആ പാറക്കെട്ടിൽ വെച്ചുള്ള ദാരുണമായ അന്ത്യത്തേക്കാൾ ഭേദമായിരിക്കുമത്. ഞാൻ രണ്ടും കല്പിച്ചു പിടി വിട്ടു. 

നേരെ തടാകത്തിലേക്ക്. ഒരു വലിയ താമര ഇലയിൽത്തന്നെ ഞാൻ ചെന്ന് വീണു. ഒന്നു താഴേക്ക് മുങ്ങിയെങ്കിലും എനിക്ക് ഭാരം കുറവായതിനാൽ പെട്ടെന്ന് തന്നെ പൊങ്ങി തിരിച്ചു പോന്നു. ചുറ്റും നിറയെ താമര പൂക്കൾ വിടർന്നു നിൽക്കുന്നു. ആ ഇലയിൽ സ്വച്ഛമായ കാറ്റേറ്റ് ഞാൻ അല്പനേരം വിശ്രമിച്ചു. അപ്പോഴാണ് ഒരു വശത്തായി തിളങ്ങുന്ന രണ്ടു കണ്ണുകൾ വെള്ളത്തിന് മുകളിൽ കണ്ടത്. അതൊരു ചീങ്കണ്ണി ആയിരുന്നു. കൊതിയോടെ അതെന്നെ നോക്കി പതുക്കെ നീന്തി വരുന്നു. വേഗം പ്രവർത്തിക്കണം ഞാൻ ചുറ്റും നോക്കി ഒരു വലിയ പൊങ്ങു തടി കണ്ടു. അതിന്റെ അടുത്തേക്ക് സർവ്വ ശക്തിയുമെടുത്തു ഞാൻ നീന്തി. അച്ചായി നീന്തൽ പഠിപ്പിച്ചത് എത്ര നന്നായി. ഞാൻ പൊങ്ങു തടിയുടെ മുകളിൽ കേറിയിരുന്നു കൈകൾ കൊണ്ടു വേഗം തുഴഞ്ഞു കരയിലേക്ക് പോയി. തിരിഞ്ഞു നോക്കിയപ്പോൾ ചീങ്കണ്ണി പുറകെയുണ്ട്. ഭാഗ്യത്തിന് അത് അടുത്തെത്തും മുൻപേ ഞാൻ കര പിടിച്ചു. എന്നിട്ട് എണീറ്റ് ഒരൊറ്റ ഓട്ടം വെച്ചു കൊടുത്തു. 

ഓടിയോടി ഞാൻ ഒരു പുല്മേട്ടിലെത്തി. ഞാനും അച്ചായിയും കൂടി നടന്നു വന്ന പുല്മേടിന്റെ മറുവശമാണതെന്നു തോന്നി. ഇനി എന്തെന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആണ് കാട്ടു പൊന്തയ്ക്കുള്ളിൽ ഒരു അനക്കം കേട്ടത്. മഞ്ഞയിൽ കറുത്ത വരകൾ നിറഞ്ഞ ശരീരം.. അയ്യോ...  അതൊരു കടുവ. 

ഞാൻ വീണ്ടും ഓടി. കുറെ ദൂരത്തായി മാനുകൾ മേയുന്നുണ്ടായിരുന്നു ഞാൻ അവർക്കരികിലേക്ക് ഓടി. മാനുകളെ കണ്ട കടുവ എന്നെ വിട്ടു അവയെ ഓടിക്കാൻ തുടങ്ങി. ചിതറി ഓടിയ മാനുകളിൽ ഒരു കുഞ്ഞു മാനിന്റെ പുറത്തേക്ക് ഞാൻ ചാടിക്കയറി.കഴുത്തിൽ രണ്ടു കൈ കൊണ്ടും ഇറുകെ പിടിച്ചു കിടന്നു. അത് എന്നെയും കൊണ്ട് ഓടി. വയ്യ എനിക്ക് ഇനി എത്രയും വേഗം അച്ചായിയുടെ അടുത്തെത്തണം. ഞാൻ കിഴക്ക് ദിക്കിലേക്ക് കൈ ചൂണ്ടി മാനിന്റെ കാതിൽ പറഞ്ഞു
 'അങ്ങോട്ട്'..  'അങ്ങോട്ട്'
 മാൻ എന്നെ അനുസരിച്ചു. അത് ആ ദിക്കിലേക്ക് കുതിച്ചോടാൻ തുടങ്ങി. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ അകലെയായി അച്ചായി നിൽക്കുന്ന കണ്ടു. പാവം എന്നെ കാണാഞ്ഞു തിരഞ്ഞു നടപ്പാണ്. അവിടെ മഞ്ഞു ഇനിയും മാറിയിട്ടില്ല.ഞാൻ മാനിന്റെ ചെവിയിൽ പതുക്കെ ഒന്നു പിടിച്ചു വലിച്ചു. മാൻ കുഞ്ഞു അനുസരണയോടെ അവിടെ നിന്നു. മാൻകുഞ്ഞിന്‌ ഒരുമ്മ കൊടുത്തു നന്ദി പറഞ്ഞു ഞാൻ ചാടിയിറങ്ങി എന്നിട്ട് അച്ചായിയുടെ അടുത്തേക്ക് ഓടി.

പെട്ടെന്ന് എവിടെ നിന്നെന്നില്ലാതെ എന്നെ കണ്ടു അച്ചായി അത്ഭുതപ്പെട്ടു പിന്നെ വാരിയെടുത്ത് ഉമ്മ വെച്ചു. നീ എവിടെയായിരുന്നു ആമൂസെ എന്നു ചോദിച്ചു. ഞാൻ എന്തു പറയാനാണ്.. നടന്നതൊക്കെ പറഞ്ഞാൽ അച്ചായി വിശ്വസിക്കുമോ? ആരെങ്കിലും വിശ്വസിക്കുമോ? അതുകൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല. ഞാൻ ഇവിടെയൊക്കെത്തന്നെ ഉണ്ടായിരുന്നു മഞ്ഞായത് കൊണ്ട് അച്ചായി കാണാത്തതാ എന്നു പറഞ്ഞു. !

മണ്ണാങ്കട്ടയും കരിയിലയും - Reloaded

പണ്ടേ എനിക്ക് ദുരന്താവസാനിയായ കഥകൾ ഇഷ്ടമല്ല. ഇപ്പോൾ അമൂസനും അതെ.അവൾക്ക് വേണ്ടി പറഞ്ഞ കഥയാണിത്.

മണ്ണാം കട്ടയും കരിയിലയും കൂടി ഒരു ദിവസം കാശിക്ക് പോയി.കാഴ്ചകൾ കണ്ടു കണ്ടു അങ്ങിനെ അവർ പോകവെ ഒരു ഭയങ്കര കാറ്റ് വന്നു...

കാറ്റ് വരുന്നത് കണ്ടു കരിയില പേടിച്ചു വിറച്ചുആ കാറ്റിൽ കരിയില പാറിപ്പറന്നു ദൂരെ പോകില്ലേ?..
അപ്പോൾ മണ്ണാം കട്ട വേഗം കൂട്ടുകാരന്റെ രക്ഷയ്ക്കെത്തി. മണ്ണാം കട്ട കരിയിലയുടെ പുറത്തു കേറി ഇരുന്നു. ഭയങ്കര കാറ്റ് വീശിയിട്ടും മണ്ണാം കട്ടയുടെ ഭാരം കാരണം കരിയില പറന്നു പോയതെ ഇല്ല.

കാറ്റ് തീർന്നപ്പോൾ രണ്ടുപേരും വീണ്ടും സന്തോഷത്തോടെ യാത്ര തുടർന്നു.കുറെ നടന്നപ്പോൾ ആകാശം ആകെ ഇരുണ്ട് ഒരു മഴ വരുന്നെണ്ടെന്നു അവർക്ക് മനസ്സിലായി. അതു കണ്ടു മണ്ണാങ്കട്ട പേടിച്ചു. മഴയത്തു അവൻ അലിഞ്ഞു പോകില്ലേ?
കരിയില പറഞ്ഞു പേടിക്കേണ്ട ചങ്ങാതി ഞാൻ തന്റെ പുറത്തു കയറി ഇരിക്കാം. അപ്പോൾ തന്റെ ദേഹത്തു മഴ വീഴില്ല നീ അലിഞ്ഞും പോകില്ല.

മഴ വന്നപ്പോൾ അങ്ങിനെ കരിയില പുറത്തു കേറി ഇരുന്നത് കൊണ്ട് മണ്ണാങ്കട്ട മഴയിൽ നിന്നും രക്ഷപ്പെട്ടുമഴ മാറിയപ്പോൾ വീണ്ടും അവർ യാത്ര തുടർന്നു. കാടും മേടും കണ്ടു രസിച്ചും കഥകൾ പറഞ്ഞും അങ്ങിനെ അവർ പോകവെ ഒരു ഭയങ്കര കാറ്റും മഴയും ഒന്നിച്ചു വന്നു..

എന്ത് ചെയ്യും?

മണ്ണാങ്കട്ടയും കരിയിലയും അതി ബുദ്ധിമാന്മാർ ആയിരുന്നു. അവർക്കിനി പരസ്പരം രക്ഷിക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെ വേഗം ഓടി അടുത്തു കണ്ട ഗുഹയിൽ കേറി ഇരുന്നു.

അപ്പോൾ എന്ത് പറ്റി ?

മഴയും കാറ്റും ഒരുമിച്ചു വന്നിട്ടും മണ്ണാങ്കട്ട അലിഞ്ഞും പോയില്ല കരിയില പറന്നും പോയില്ല..

എല്ലാം മാറിയ ശേഷം അവർ കാശിക്കുള്ള യാത്ര തുടർന്നു.